ദുബായ്: യുഎഇയിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിനൊപ്പം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുള്ള മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. രാജ്യത്തിന്റെ ഉൾ പ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുക. തീരദേശ മേഖലകളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ചൊവ്വാഴ്ച രാവിലെയോടെ പടിഞ്ഞാറൻ മേഖലകളിൽ ഈർപ്പം വർധിക്കുന്നതിനെ തുടർന്ന് മൂടൽമഞ്ഞിനോ സാന്ദ്രത കുറഞ്ഞ മഞ്ഞിനോ സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.


