കൊച്ചി: ചിരിയോർമകളും തഗ്ഗ് ഡയലോഗുകളും ബാക്കിയാക്കി സലീം കുമാർ വിട വാങ്ങി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെ രാത്രി 10.43ഓടെയാണ് മരണം. 57 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ലിവർ സിറോസിസ് ബാധിതനായ സലീം കുമാർ നേരത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സലീംകുമാറിന് കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിന് പിന്നാലെ അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായിട്ടാണ് സലിം കുമാറിൻ്റെ ജനനം. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു അച്ഛൻ. വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ വിജയിയായി.
കലാലയജീവിതത്തിൽ ഒപ്പം കൂടിയ മിമിക്രിയും സ്റ്റേജുകളും പിന്നീട് അദ്ദേഹത്തിൻ്റെ ജീവിതമായി മാറി. കൊച്ചിൻ കലാഭവനിലെത്തിയ സലീംകുമാർ ശേഷം കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിലെത്തി. ഇവിടെ നിന്നും ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത കോമിക്കോള എന്ന പരിപാടിയിലേക്ക് എത്തുന്നത്. സലീംകുമാറിനെ മലയാളി അടുത്തറിയുന്നത് ഈ പരിപാടിയിലൂടെയാണ്.
1996-ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് സലീംകുമാർ അഭിനയരംഗത്തേക്ക് എത്തുന്നത്. അടുത്ത വർഷം ഒൻപത് സിനിമകളിൽ കൂടി അഭിനയിച്ചത് ചെറുവേഷങ്ങളിൽ സജീവമായി. 2000-ൽ പുറത്തിറങ്ങിയ തെങ്കാശിപട്ടണമാണ് ഹാസ്യനടൻ എന്ന നിലയിൽ സലീംകുമാറിനെ മലയാളത്തിൽ പ്രതിഷ്ഠിച്ചത്. പറക്കും തളിക (2001), മീശമാധവൻ, കല്ല്യാണരാമൻ (2002), പുലിവാൽ കല്ല്യാണം,കിളിച്ചുണ്ടൻ മാമ്പഴം, സിഐഡി മൂസ (2003) എന്നീ ചിത്രങ്ങൾ സലീംകുമാറിൻ്റെ ക്ലാസ്സിക്ക് കോമഡി റോളുകളായിരുന്നു. ദിലീപ് – സലീം കുമാർ, കൊച്ചിൻ ഹനീഫ – സലീംകുമാർ എന്നീ താരജോഡികൾ സൂപ്പർഹിറ്റ് സിനിമകളുടെ അവിഭാജ്യഘടകമായി മാറി.
കമ്പാർട്ട്മെന്റ് (2015 ), കറുത്ത ജൂതൻ(2017),ദൈവമേ കൈതൊഴാം കെ.കുമാർ ആകണം(2018) എന്നിങ്ങനെ മൂന്ന് സിനിമകളും ഈ കാലയളവിൽ അദ്ദേഹം സംവിധാനം ചെയ്തു. കോമഡി റോളുകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നതിനിടെയാണ് 2006-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിലൂടെ സലീംകുമാർ മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഈ സിനിമയിലൂടെ അദ്ദേഹം സ്വന്തമാക്കി. 2010-ൽ ആദമിൻ്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്കാരവും അദ്ദേഹം നേടി. അതേവർഷം മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിനായിരുന്നു.


