കാസർകോട്: ദേശീയപാത 66-ൽ നിർമാണം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ വാഹനങ്ങൾ അമിതവേഗത്തിൽ കുതിച്ചുപായുന്നു. ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ നാലുദിവസത്തെ മാത്രം പരിശോധനയിൽ അമിതവേഗത്തിന് ക്യാമറയിൽ പതിഞ്ഞത് 4500 വാഹനങ്ങൾ.
160 കിലോമീറ്റർ വേഗത്തിൽ പോയ വാഹനത്തിന്റെ ദൃശ്യമടക്കം ലഭിച്ചിട്ടുണ്ടെന്ന് യുഎൽസിസി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 25 മുതൽ ദേശീയപാതയിൽ തലപ്പാടി-ചെങ്കള ഒന്നാം റീച്ചിൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. പണി പൂർത്തിയായതോടെയാണ് പാത തുറന്ന് കൊടുത്തത്. ഗതാഗത നിയമലംഘനമുണ്ടായാൽ പിഴയടക്കാനുള്ള ചെലാൻ ലഭിക്കുമെന്നുറപ്പ്.
എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ടെ’ന്ന ബോധത്തോടെ സുരക്ഷിതമായി വാഹനമോടിച്ചാൽ പഴിയിൽനിന്നും പിഴയിൽനിന്നും ഒഴിവാകാം. ദേശീയപാത അതോറിറ്റിക്ക് എല്ലാ റിപ്പോർട്ടുകളും കൈമാറുന്നുണ്ട്. മോട്ടോർവാഹന വകുപ്പാണ് പിഴയീടാക്കാൻ നടപടി സ്വീകരിക്കേണ്ടത്. അവർ ദൃശ്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയാൽ ഓൺലൈനായി ചെലാൻ വന്ന് തുടങ്ങും.
ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) വഴിയാണ് ക്യാമറ നിരീക്ഷണം. തലപ്പാടി-ചെങ്കള റീച്ചിൽ മഞ്ചേശ്വരത്താണ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
വാഹനങ്ങളുടെ വേഗം, സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ, അനുവദനീയമല്ലാത്തിടങ്ങളിൽ വാഹനങ്ങളെ മറികടക്കൽ, അപകടകരമായ ഡ്രൈവിങ് എന്നിവയെല്ലാം ക്യാമറകൾ ഒപ്പിയെടുത്ത് സൂക്ഷിക്കുന്നുണ്ട്. 360 ഡിഗ്രി കറങ്ങുന്നതും ഒരു വശത്തേക്ക് മാത്രമുള്ളതുമായ ക്യാമറകളാണ് ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ളത്. അതായത് പല ക്യാമറകളിലായി ദൃശ്യങ്ങൾ പതിയുമെന്നുറപ്പ്. ആദ്യ റീച്ചിൽ ഇത്തരത്തിലുള്ള 54 ക്യാമറകളുണ്ട്. 500 മീറ്റർ ദൂരത്തിലുള്ള ദൃശ്യങ്ങൾ വരെ പതിയും.
നാല് ചക്രവാനങ്ങൾ മുതലുള്ളവക്കാണ് ദേശീയപാതയിൽ പ്രവേശനം. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ലൈൻ ബസുകൾ തുടങ്ങിയവ സർവീസ് റോഡ് മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇത് തെറ്റിച്ചാലും പിഴ വന്നേക്കാം. ചെങ്കള മുതൽ തലപ്പാടി വരെയുള്ള ദൂരത്തിൽ നിലവിൽ മിക്കവാറും ഇരുചക്ര വാഹനങ്ങൾ ദേശീയപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ദീർഘദൂര സർവീസ് ബസുകളും കെഎസ്ആർടിസിയും ദേശീയപാതയെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലായിടങ്ങളിലും വേഗപരിധിയുടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ദൂരെ നിന്നും വാഹനങ്ങളെ സ്‌കാൻ ചെയ്ത് വേഗം വ്യക്തമാക്കുന്ന ഡിജിറ്റൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.