എയർ ഇന്ത്യയിലെ ശുചിമുറിയിലിരുന്ന് പുകവലിച്ച യാത്രക്കാരനെതിരെ കേസെടുത്തു. 37കാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് ഇയാൾ പുകവലിക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കൂടാതെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ക്യാബിൻ ക്രൂ അറിയിച്ചു. യുഎസ് പൗരത്വമുള്ളയാളാണ് രമാകാന്ത്.
മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അധികൃതർ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ശുചിമുറിയിൽ നിന്ന് അലാറം കേട്ടപ്പോഴാണ് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്. അദ്ദേഹത്തിൻ്റെ കയ്യിൽ സിഗരറ്റ് കണ്ട ഉടൻ തന്നെ അത് വാങ്ങി. ഇതിൽ പ്രകോപിതനായ രമാകാന്ത് ക്രൂ അംഗങ്ങളോട് തട്ടിക്കയറി. അദ്ദേഹത്തെ സീറ്റിൽ കൊണ്ടിരുത്തിയെങ്കിലും അല്പസമയം കഴിഞ്ഞപ്പോൾ ഇയാൾ വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട് ആളുകൾ ഭയന്നു. തുടർന്ന് ഇയാളുടെ കാലും കയ്യും കെട്ടി സീറ്റിലിരുത്തുകയായിരുന്നു. എന്നാൽ ബാഗിൽ മരുന്നുകളുണ്ടെന്ന് രമാകാന്ത് പറഞ്ഞെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഒരു ഇ- സിഗരറ്റ് കണ്ടെത്തിയെന്നും ക്രൂ അംഗം പറഞ്ഞു.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24കാരി അറസ്റ്റിലായിരുന്നു. വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉടൻ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. പിന്നീട് ജാമ്യം നൽകി ഇവരെ വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്.