നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് റിങ്കു ടീം ക്യാംപിൽ നിന്നും പിതാവിനെ കാണാനായി നോയിഡയിൽ എത്തിയിരുന്നു. പിതാവിൻ്റെ മരണവാർത്ത അറിയുമ്പോൾ ചെന്നൈയിലായിരുന്ന റിങ്കു നോയിഡയിൽ എത്തിയിട്ടുണ്ട്.
ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ജോലി ചെയ്തിരുന്ന ഗ്യാസ് ഡിപ്പോയോട് ചേര്‍ന്നുള്ള രണ്ട് മുറി വീട്ടിലാണ് താമസിച്ചിരുന്നത്. റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷവും ഖന്‍ചന്ദ് ഗ്യാസ് സിലിണ്ടറുകളുമായി വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു. റിങ്കുവിന് സമ്മാനമായി കിട്ടിയ ബൈക്കില്‍ ആയിരുന്നു ഗാസ് സിലിണ്ടര്‍ വിതരണം.
ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയതിനാല്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ റിങ്കു ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. ഇതുവരെ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച റിങ്കു, ഫിനിഷറുടെ റോളില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, റിങ്കു ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ബിസിസിഐയില്‍ നിന്നോ ടീം മാനേജ്മെന്റില്‍ നിന്നോ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, ടി20 ലോകകപ്പിലെ ഇന്ത്യയുടെ ബാക്കി മത്സരങ്ങളില്‍ 28-കാരനായ താരം കളിക്കുമോ എന്നത് വ്യക്തമല്ല.




