തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. സ്ഥലത്ത് പാലക്കാട് കളക്ടറും രാജൻ എംഎൽഎയും എത്തി പരിശോധന നടത്തി.
പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റിയിൽ നിന്നുള്ള എഞ്ചിനീയർമാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മലയുടെ മുകൾഭാഗത്ത് പരിശോധന നടത്തിയാൽ മാത്രമേ അപകടകരമായി എന്തെങ്കിലുമുണ്ടോ എന്ന് വ്യക്തമാകൂ. തുരങ്കമുഖത്തോ ദേശീയപാതയിലോ മണ്ണിടിഞ്ഞ് വീഴാത്തതിനാൽ നിലവിൽ ഗതാഗതം സാധാരണ നിലയിലാണ്.


