അബുദാബി: യുദ്ധപ്രതിസന്ധിക്കിടയിൽ വാടക കരാറുകളിൽ നിരക്ക് വർധന
മരവിപ്പിച്ച് അബുദാബി. അബുദാബി റിയാൽ എസ്റ്റേറ്റ് സെൻ്റർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
താമസം,വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ കെട്ടിട വാടക കരാറുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാവും വരെ നിലവിലെ നിരക്കിൽ മാത്രമേ പുതുക്കാനാവൂ. യുദ്ധഭീതിയിൽ വലയുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാവും.
അബുദാബിയിലെ ചട്ടങ്ങൾ പ്രകാരം രണ്ട് മാസം മുൻപ് നോട്ടീസ് നൽകി ഉടമയ്ക്ക് അഞ്ച് ശതമാനം വരെ വർഷത്തിൽ വാടക കൂട്ടാൻ അവകാശമുണ്ട്. ഇതോടൊപ്പം ആകെ വാർഷിക വാടകയുടെ മൂന്ന് ശതമാനം അബുദാബി മുൻസിപ്പാലിറ്റിക്ക് ഫീ ആയി അടക്കുകയും വേണം.
കോവിഡ് മഹാമാരിയുടെ കാലത്തും സമാനമായ രീതിയിൽ അബുദാബി ഭരണകൂടം നിരക്ക് വർധനവ് മരവിപ്പിച്ചിരുന്നു


