തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
അതി തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
ഇത് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.


