ചെന്നൈ: സൂപ്പർതാരം വിജയ്യുടെ വരവോടെ ആവശം നിറഞ്ഞ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി കനത്ത പോളിംഗ്. കഴിഞ്ഞ തവണ 4.61 കോടി പേർ വോട്ട് ചെയ്ത തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി അഞ്ച് കോടിയാളുകളെങ്കിലും വോട്ട് ചെയ്തേക്കും എന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകിട്ട് അഞ്ചരയോടെ തന്നെ 85 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ തവണ അറുപത് ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയ ചെന്നൈയിൽ വൈകിട്ട് മൂന്ന് മണിയോടെ 68 ശതമാനം പേരും വോട്ട് ചെയ്തു.
വോട്ടെണ്ണൽ ദിനത്തിൽ പോളിംഗ് ബൂത്തിലെത്താൻ ലക്ഷണക്കിനാളുകളാണ് ഇന്നലെ തമിഴ്നാട്ടിൽ ഉടനീളം യാത്ര ചെയ്തത്. ബസുകളും ട്രെയിനുകളെല്ലാം നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. ലോറിയിലും മറ്റും സഞ്ചരിച്ചാണ് പലരും നാട് പിടിച്ചത്.
തമിഴ്‌നാട് സിനിമാ മേഖലയിലെ നിരവധി നടന്മാരും നടിമാരും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു. മക്കൾ നീതി മെയ്യം മേധാവിയും നടനുമായ കമൽഹാസനും മകൾ ശ്രുതി ഹാസനും വോട്ട് ചെയ്യാൻ ആൽവാർപേട്ട് സ്‌കൂളിലെത്തി. മറ്റൊരു സിനിമാ നടൻ അജിത്തും ചെന്നൈയിലെ തിരുവാൻമിയൂരിൽ തന്റെ വോട്ട് രേഖപ്പെടുത്തി. പ്രശസ്ത ചലച്ചിത്ര നടൻ രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരിസിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഡെപ്യൂട്ടി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം ചെന്നൈയിൽ വോട്ട് ചെയ്തു, എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി സേലത്ത് വോട്ട് ചെയ്തു. ടിവികെ നേതാവ് വിജയ് രാവിലെ 9:00 മണിക്ക് മുമ്പ് വോട്ട് ചെയ്തു.


