തിരുവനന്തപുരം: കൊടുംചൂടിൻ്റെ ദിവസങ്ങൾക്കൊടുവിൽ മഴ പ്രതീക്ഷയിൽ കേരളം. ഇന്നലെ വൈകിട്ട് എറണാകുളത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ചൂടിലും വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ വേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു.
മഴ കിട്ടാത്ത പക്ഷം പ്രതിസന്ധി രൂക്ഷമായേക്കും എന്നതിനാൽ ഈ ആഴ്ച പെയ്യുന്ന മഴ വളരെ നിർണായകമാണ്. വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നീക്കം തുടങ്ങി. അധിക നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ തുടരുകയാണ്.
കൊടുംചൂടിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസാണ്. ചൂട് കനക്കുമെന്ന നിർദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതോടെ പവര്‍ എക്സേഞ്ചിൽ നിന്ന് ഒരു മാസത്തേയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി അനുമതി തേടി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവാണ് തേടുന്നത്. അനുമതി കിട്ടിയാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടൽ. 117.15 ദശലക്ഷം യൂണിറ്റായിരുന്നു ശനിയാഴ്ചത്തെ ഉപഭോഗം.


