മനാമ: അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടവേള നൽകി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വീണ്ടും വ്യോമപാത തുറന്ന് ബഹ്റൈൻ.
വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബഹ്റൈൻ്റെ നടപടി. നേരത്തെ സിറിയയും ഇറാഖും സമാനമായ രീതിയില് വ്യോമപാതകൾ തുറന്നിരുന്നു. മേഖലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണ് ബഹ്റൈൻ താത്കാലികമായി വ്യോമപാത അടച്ചിട്ടത്.
സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച് വ്യോമഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത – വാര്ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്റൈന് സിവില് ഏവിയേഷന് അഫയേഴ്സ് വ്യക്തമാക്കി.
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്ന വലിയ ആക്രമണങ്ങള് ഒഴിവാക്കുന്നതിനായി, അമേരിക്കയും ഇറാനും തമ്മില് രണ്ടാഴ്ചത്തെ വെടിനിര്ത്തലിനും ഹോര്മുസ് കടലിടുക്ക് താത്കാലികമായി തുറക്കുന്നതിനും കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഗള്ഫ് മേഖലയിലെ രാജ്യങ്ങള് വ്യോമഗതാഗതം വേഗത്തില് സാധാരണ നിലയിലാക്കുന്നത്.




