തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചതോടെയാണ് രാജ്യത്തെ അവയവദാന ചരിത്രത്തിലെ കുഞ്ഞുമാലാഖയായി ആലിൻ ഷെറിൻ മാറിയത്.
റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാവില്ല എന്ന സ്ഥിതി വന്നതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ആലിൻ്റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. അവയവ ദാതാവും സ്വീകർത്താവും ഏറ്റവും പ്രായം കുറഞ്ഞവർ ആണെന്ന പ്രത്യേകതയും ഈ അവയവ ദാനത്തിനുണ്ട്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയാകും. അതിനു ശേഷം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.




