കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടുകളിൽ ഇഡി റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ നിലവിൽ പിണറായി താമസിക്കുന്ന വീട്ടിലും മകൾ വീണയുടെ ഭർത്താവും സിപിഎം എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ഒരേസമയാണ് ഇഡി പരിശോധനയ്ക്ക എത്തിയത്. മൂന്നിടത്തും പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങി. തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം പ്രവർത്തകർ അടിച്ച് തകർത്തത് സംഘർഷത്തിന് കാരണമായി.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.
കണ്ണൂരിലെ പിണറായിയുടെ വീട്ടിലെ റെയ്ഡ് നടക്കുമ്പോൾ പുറത്ത് എംവി ജയരാജൻ, പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ സിപിഎം പ്രതിഷേധിച്ചിരുന്നു. കോഴിക്കോട്ടെ റിയാസിൻ്റെ വീടിന് മുന്നിലും ഇഡി ഉദ്യോഗസ്ഥർ തടിച്ചു കൂടി. ഏറ്റവും അവസാനമാണ് തലസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതെങ്കിലും സിപിഎമ്മുകാർ തടിച്ചുകൂടിയതോടെ വൻപൊലീസ് സംഘവും സുരക്ഷ ഉറപ്പിക്കാൻ എത്തിയിരുന്നു.


