അബുദാബി: ആപ്പിൾ ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ. യുഎഇ സൈബർ സെക്യൂരിറ്റി വിഭാഗമാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിഷയം ശ്രദ്ധയിൽപെട്ടയുടൻ തന്നെ ആപ്പിൾ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തിറക്കിയിരുന്നു. ഉപയോക്താക്കൾ എത്രയും പെട്ടന്ന് തങ്ങളുടെ ഡിവൈസിൽ പുതിയ അപ്ഡേഷൻസ് ആക്ടിവേറ്റ് ചെയ്യണമെന്നാണ് നിർദേശം
വാഷിംഗ്ഡൺ ഡിസിയിൽ സർക്കാർ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഉദ്യോഗസ്ഥന്‍റെ ഫോണിലാണ് സ്പൈവെയർ കണ്ടെത്തിയത്. എൻഎസ്ഓയുടെ പെഗാസസ് എന്ന സ്പൈവെയറാണ് കണ്ടെത്തിയത്. ഐഓഎസിന്‍റെ ഏറ്റവും പുതിയ എഡിഷൻ പ്രവർത്തിക്കുന്ന 16.6 ഐഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്. ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യാതെ തന്നെ ഹാക്കർമാർക്ക് ഐ ഫോണുകളിൽ കടന്നുകൂടാൻ കഴിയുമെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് സംഭവം
സംഭവം ശ്രദ്ധയിൽപെട്ടയുടൻ തന്നെ കമ്പനി സ്പൈവെയറുകളെ തുരത്താനുള്ള പുതിയ അപ്ഡേഷൻ പുറത്തിറക്കിയതായി അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ ഫോണിൽ നിന്ന് ചോർത്താൻ ഈ രീതിയിൽ ഹാക്കർമാർക്ക് കഴിയും. ഹാക്കിംഗ് നടന്ന സമയം തന്നെ സിറ്റിസൺ ലാബ് പ്രശ്നം കണ്ടെ്തതിയതോടെയാണ് ഹാക്കർമാരുടെ ശ്രമം പാളിയത്. പുതിയ അപ്ഡേറ്റിലേക്ക് എത്രയും പെട്ടെന്ന് മാറണമെന്ന് ആപ്പിൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്