റിയാദ്: മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വീശുന്ന സൗദിയിൽ ലോജിസ്റ്റിക് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇതിന്‍റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ലോജിസ്റ്റിക് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, വൈവിധ്യവത്കരണം, എന്നിവയോടൊപ്പം നിക്ഷേപകേന്ദ്രമായും ആഗോള ലോജിസ്റ്റിക് കേന്ദ്രമായും മാറ്റുകയാണ് ലക്ഷ്യം
രാജ്യാന്തര വ്യാപാര വിപണന മേഖലകളെ സൗദിയിലെ പ്രാദേശിക ശൃംഖലകളുമായി ബന്ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. 10 കോടി ചതുരശ്രമീറ്റർ വിസ്തൃതിയുള്ള 59 കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് മാസ്റ്റർ പ്ലാൻ. 2030 ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാകും.
സ്വകാര്യ മേഖലകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധ്യമാകും. ലോകത്തെ പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്ര വൈവിധ്യമുള്ള സൗദിക്ക് ആഗോള ലോജിസ്റ്റിക് കേന്ദ്രമായി വളരാൻ സാധിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു





