പാകിസ്ഥാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് സൈനികർ മരിച്ചു. ഞായറാഴ്ച രാത്രി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനായിക്കിന് സമീപം പറക്കൽ ദൗത്യത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. രണ്ട് ഉദ്യോഗസ്ഥർ അടക്കം വിമാനത്തിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. എന്നാൽ അപകടത്തിന്റെ കാരണം സൈന്യം വ്യക്തമാക്കിയിട്ടില്ല.
ഇതേ പ്രവിശ്യയിൽ ഒരു മാസം മുമ്പും സമാനമായ ഹെലികോപ്റ്റർ അപകടം സംഭവിച്ചിരുന്നു. രണ്ട് മാസം മുമ്പ് വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ദുരിതാശ്വാസ ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ഒരു സൈനിക ജനറലും മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു. പ്രളയം രൂക്ഷമായ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ ബലൂചിസ്ഥാൻ, രാജൻപൂർ എന്നീ ജില്ലകളിൽ ആഴ്ചകളായി ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.