ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം അതായത് ഏകദേശം 2 കോടി 37 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം ലഭിച്ചു. 2023 ഏപ്രിൽ 24-ന് ദുബായ് അൽ വഹീദ ബംഗ്ലാദേശ് കൗൺസലേറ്റിന് സമീപം അനുവദനീയമല്ലാത്ത സ്ഥലത്ത്കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെ യു.എ.ഇ പൗരൻ ഓടിച്ച കാറിടിച്ചാണ് പരിക്കേറ്റത്. അപകടത്തിൽ റഹ്‌മത്ത് ബീക്ക് തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച യു.എ.ഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തി. തുടർന്ന് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേന റഹ്മത്ത് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി, റഹ്മത്തിന്റെ ഗുരുതര പരിക്കുകൾ കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
ഈ വിധിക്കെതിരെ പിന്നീട് അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ ഫയൽ ചെയ്തെങ്കിലും കോടതി അവ തള്ളുകയാണുണ്ടായത്. ഇതോടെ റഹ്‌മത്ത് ബീക്ക് അനുകൂലമായ വിധി നടപ്പിലാക്കാൻ സാധിച്ചു.