ഷാർജ: ടിക്ക്ടോക്ക് വീഡിയോകളെ ചൊല്ലി മലയാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശി ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷാർജയിലെ അൽ നഹ്ദയിലെ തെരുവിലുണ്ടായ അടിപിടിക്കിടെയാണ് ഇയാൾക്ക് കുത്തേറ്റത് എന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെ (TikTok) പരസ്പരം നടത്തിയ വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷമാണ് അൽനഹ്ദയിലെ ഇസ്മയിലിൻ്റെ താമസസ്ഥലത്ത് വച്ച് ഇരുവരും നേരിട്ടുള്ള അടിപിടിയുണ്ടായത്. ഏറ്റുമുട്ടലിനിടെ കൈയിലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് മലയാളി യുവാവ് ഇസ്മയിലിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇസ്മയിലിനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇസ്മയിലിൻ്റെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ മലയാളി യുവാവിനായി ഷാർജ പൊലീസ് അന്വേഷണം വ്യാപകമാക്കി.


