ജോർദാനിലെ അഭയാർഥി ക്യാമ്പുകളിലേക്ക് കുവൈറ്റ് സഹായമെത്തിച്ചു. ശീതകാല കാമ്പയിന്റെ ഭാഗമായി ക്യാമ്പുകളിലെ 700 കുടുംബങ്ങൾക്കും 750 അനാഥർക്കും സഹായം നൽകിയതായി കുവൈത്ത് അൽ നജാത്ത് ചാരിറ്റി അറിയിച്ചു. ‘ഉന്മേഷവും സമാധാനപരവും’ എന്ന പേരിലുള്ള കാമ്പയിന്റെ ഭാഗമായാണ് സഹായവിതരണം.
അതേസമയം അൽ ദലൈൽ, അൽ മുഫറഖ്, അൽ അസ്രാഖ് എന്നീ ക്യാമ്പുകളിലെ സിറിയൻ അഭയാർഥി കുടുംബങ്ങളെ സഹായിക്കുകകയാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അൽ നജാത്ത് ഡെലിഗേഷൻ ഹെഡ് ഇഹാബ് അൽ ദബ്ബൂസ് പറഞ്ഞു. ശൈത്യകാലത്ത് അഭയാർഥികൾ വലിയ രീതിയിലുള്ള ദുരിതമാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവശ്യ സാധനങ്ങളായ പുതപ്പ്, വസ്ത്രം, ഭക്ഷണം എന്നിവയാണ് കുവൈറ്റ് ക്യാമ്പുകളിൽ നൽകിവരുന്നത്. കൂടാതെ ശൈത്യകാലത്ത് ഈ സഹായത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. സഹായം നൽകുന്നത് തുടരുമെന്നും ഇഹാബ് കൂട്ടിച്ചേർത്തു.