സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിൻറെ ജയം. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രോഹിത് ശർമയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അർധസെഞ്ചുറിയുടെയും മികവിലാണ് ജയം സ്വന്തമാക്കിയത്.
രോഹിത് 125 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കോലി 81 പന്തിൽ 74 റൺസെടുത്ത് വിജയത്തിൽ രോഹിത്തിന് കൂട്ടായി. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോർ ഓസ്ട്രേലിയ 46.4 ഓവറിൽ 236ന് ഓൾ ഔട്ട്, ഇന്ത്യ 38.3 ഓവറിൽ 237-1.
ടി20, ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും നേരത്തെ വിരമിച്ച രോഹിത് ശർമയും കോഹ്ലിയും നിലവിൽ ഇന്ത്യൻ ഏകദിന ടീമിൽ മാത്രമാണ് കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ ഇരുവരും ഇന്ത്യൻ ടീമിൽ തുടരുമെന്നാണ് കരുതുന്നത്. ഈ കാലയളവിൽ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയിൽ ഏകദിനമത്സരങ്ങൾ ഇല്ല. അതിനാൽ തന്നെ ഓസീസ് മണ്ണിൽ ഇതിഹാസ താരങ്ങൾ അവസാനമായി കളിക്കുന്നത് കാണാനുള്ള ഭാഗ്യമാണ് സിഡ്നി സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് ആരാധകർക്ക് ലഭിച്ചത്.





