അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം എ കെ ആന്റണിയ്ക്ക് ഷോക്ക് ആയിരുന്നെന്ന് ഭാര്യ എലിസബത്ത് ആന്റണി. കൃപാസനം ധ്യാനകേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു എലിസബത്ത്. ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഇതോടെ രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിക്കാത്ത സ്ഥിതിയായി.
അനില്‍ ആന്റണിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ എ കെ ആന്റണി അതിന് വേണ്ടി ഒന്നും ചെയ്തില്ല എന്നും എലിസബത്ത് പറഞ്ഞു.
അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. അമ്മമാര്‍ തങ്ങളുടെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കും പക്ഷേ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ മാതാവിനോട് കരഞ്ഞ് പറഞ്ഞു എന്റെ മകന്റെ ഭാവി, അവന് ഇപ്പോള്‍ 39 വയസ്സായെന്ന്. ഇതിന് ശേഷം എന്റെ മകന്‍ എന്നെ വിളിച്ചു. അമ്മേ, എന്നെ പിഎംഒയില്‍ നിന്ന് വിളിച്ചു, ബിജെപിയില്‍ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. പക്ഷേ നമ്മള്‍ കോണ്‍ഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് അലോചിക്കാന്‍ പോലും വയ്യ. അപ്പോള്‍ തന്നെ കൃപാസനത്തില്‍ എത്തി അച്ചന്റെ കൈയില്‍ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോള്‍ അച്ചന്‍ അത് മാതാവിന്റെ സന്നിധിയില്‍ വച്ച് പ്രാര്‍ത്ഥിച്ചു. അച്ചന്‍ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയില്‍ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അതിന് ശേഷം മാതാവ് മാറ്റി തന്നു’.
അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു എന്നത് എകെ ആന്റണിക്ക് വലിയ ഷോക്ക് ആയിരുന്നു. എന്നാല്‍ വീട്ടില്‍ ഇതറിഞ്ഞപ്പോള്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും എകെ ആന്റണി ഇത് ഉള്‍ക്കൊണ്ടു എന്നും എലിസബത്ത് പറഞ്ഞു.