തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെവ്കോയിലേയും കൺസ്യൂമർഫെഡിലേയും ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ബെവ്കോ ജീവനക്കാർക്ക് 90,000 രൂപ വരെയും കൺസ്യൂമർഫെഡിൻ്റെ മദ്യവിൽപനശാലകളിലെ ജീവനക്കാർക്ക് 85000 രൂപ വരെയും കിട്ടാവുന്ന തരത്തിലാണ് ബോണസ് നിശ്ചയിച്ചിരിക്കുന്നത്. നികുതി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിലെ ജീവനക്കാരെ കൂടാതെ സുരക്ഷാജീവനക്കാർ, വെയർ ഹൗസിലെ ജീവനക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. എന്നാൽ വിവിധ വിഭാഗക്കാർക്ക് പല തരത്തിലുള്ള ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിവറേജസ് കോർപ്പറേഷനിലെ ലേബലിംഗ് തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ടാവും. പെർഫോർമൻസ് അലവൻസ് എന്ന പേരിലാണ് ബോണസ് നൽകുന്നത്.
എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി നിയമിക്കപ്പെടുന്നവർക്ക് 5000 രൂപ വീതമായിരിക്കും ലഭിക്കുക. ബെവ്കോയിലേയും കണ്സ്യൂമർഫെഡിലേയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബെവ്കോ ആസ്ഥാനത്തേയും വെയർഹൌസുകളിലേയും സുരക്ഷാജീവനക്കാർക്ക് 11000 രൂപ വീതവും ഫെസ്റ്റിവൽ അലവൻസായി അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് ഓണം അഡ്വാൻസായി 35,000 രൂപ വരെ കൈപ്പറ്റാം. ഇതു ഏഴ് മാസത്തെ തവണകളായി ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കും.