അവശ്യ മരുന്നുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ കടുത്ത ക്ഷാമം. വേദനസംഹാരികൾക്ക് പുറമെ ദൈനം ദിനം ആവശ്യം വരുന്ന പ്രമേഹം, പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകൾക്കും ക്ഷാമം നേരിടുന്നു. വിവിധ രോഗങ്ങള്‍ക്കുള്ള 340 ജനറിക് മെഡിസിനുകള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. വൈകാതെ മറ്റ് 85 മരുന്നുകള്‍ കൂടി വിപണിയില്‍ ലഭ്യമല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
കോവിഡ് മഹാമാരി ആരംഭിച്ച ശേഷം പലപ്പോഴായി ഫാര്‍മസികളില്‍ മരുന്നുകള്‍ക്കു ക്ഷാമം നേരിടുന്നുണ്ട്. എന്നാല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. ക്ഷാമം നേരിടുന്ന മരുന്നുകളില്‍ അടിയന്തിര ജീവന്‍ രക്ഷാ മരുന്നുകളുമുണ്ട്.
കുറഞ്ഞത് ആറു മാസം വരെ ആവശ്യമുള്ള മരുന്നുകള്‍ സൂക്ഷിക്കണമെന്ന് വിതരണക്കാരോട് കഴിഞ്ഞ വര്‍ഷം ഓസ്ട്രലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് നിലവില്‍ വന്ന പുതിയ നിയമ പരിഷ്കരണം ഇതിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഇറക്കുമതി പ്രതിസന്ധി രൂക്ഷമായും മരുന്നുക്ഷാമത്തിന് കാരണമായി.
ഓസ്‌ട്രേലിയയില്‍ വിറ്റഴിക്കുന്ന 90 ശതമാനം മരുന്നുകളും ഇറുക്കുമതി ചെയ്യുന്നതാണ്. യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ മരുന്നുകൾ ഓസ്ട്രേലിയ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ യൂറോപ്പും അമേരിക്കയും മരുന്നുല്‍പാദനത്തിന് ആവശ്യമായ ഘടകങ്ങള്‍ ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമാണ്.
പ്രതിസന്ധി രൂക്ഷമായതോടെ ആവശ്യമായി മരുന്നുകൾ ഓസ്‌ട്രേലിയയില്‍തന്നെ ഉല്‍പാദിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും ആവശ്യമായ പഠനവും ഗവേഷണവും നടത്തണമെന്നും ആവശ്യം ഉയരുന്നു.
മരുന്നുകൾ ലഭ്യമല്ലാത്തത് രോഗികളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തിനകത്ത് മരുന്ന് ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ വ്യക്തമാക്കി.