ലോകകപ്പിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. സെർബിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളെ വിജയത്തിലേക്ക് എത്തിച്ചത്. 62, 73 മിനിട്ടുകളിലായിരുന്നു റിച്ചാലിസൺ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു അതിമനോഹരമായ രണ്ടാംഗോൾ പിറന്നത്.
മത്സരത്തിലുടനീളം ബ്രസീൽ ആധിപത്യമാണ് കണ്ടത്. സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കി.
73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വലക്കുള്ളിലാക്കി. ഇതോടെ ബ്രസീൽ ജയം ഉറപ്പിക്കുവായിരുന്നു.


 
 



 
  
  
  
 