വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം കേരളത്തിൽ നൂറ്റാണ്ടുകളായുണ്ട്. അറിവിലേക്കുള്ള ആരംഭം എന്നര്‍ത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതിയാണ്. പിന്നീട് മണലിലോ നെല്ലിലോ അരിയിലോ ആ മന്ത്രം വീണ്ടുമെഴുതുന്നു.

നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തില്‍ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കില്‍ ഐശ്വര്യത്തിന്റെ ദേവതയെയാണ് പ്രതിനിധീകരിക്കുന്നത്. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം, പരാശക്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.
പരമ്പരാഗതമായി കുട്ടികളുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരുക്കന്മാരോ ആചാര്യന്മാരോ എഴുതുന്നതിന് പിന്നില്‍ നിശബ്ദ പ്രാര്‍ത്ഥനയുമുണ്ട്. ഈ കുട്ടി പറയുന്നതെന്തും സ്വര്‍ണ്ണം പോലെ വിലമതിക്കട്ടെ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ഓരോ കുട്ടിക്കും അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാന്‍ വിദ്യാദേവതയുടെ കൃപയേയും നിശബ്ദ പ്രാർത്ഥന വിളിച്ചോതുന്നു.
ആചാരങ്ങളില്‍ നേരിയ വ്യത്യാസങ്ങളോടെ ജാതിമത ഭേദമന്യേ പലരും ഇന്ന് വിദ്യാരംഭം നടത്തുന്നുണ്ട്. അറിവ് എന്നത് അമൂല്യമാണെന്നും യോഗ്യനായ ഗുരു കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരങ്ങള്‍ എഴുതിക്കുന്നത് അറിവ് അവരില്‍ വളരാന്‍ സാധിക്കുമെന്നും നമ്മുടെ പാരമ്പര്യം വിശ്വസിക്കുന്നു. ഗുരുവിലൂടെ പ്രവഹിക്കുമ്പോള്‍ മാത്രമേ അറിവ് പൂര്‍ണമായി ഗ്രഹിക്കുകയുള്ളൂ എന്നതാണ് വിദ്യാരംഭ ചടങ്ങുകൾക്ക് പിന്നിലുള്ള വിശ്വാസം.
ഗുരു ഈശ്വരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഈ ആചാരങ്ങള്‍ പരമോന്നതത്തിലേക്കുള്ള സമ്പൂര്‍ണ്ണ കീഴടങ്ങല്‍ ആണ്. അറിവിലേക്കുള്ള പാതയിലെ തടസ്സങ്ങള്‍ മറികടക്കാന്‍ തന്റെ ശിഷ്യന് നിരുപാധികമായ പിന്തുണ നല്‍കുന്നതിന് ഗുരുവിനുള്ള പ്രതിബദ്ധതയും ഇതില്‍ ഉള്‍പ്പെടുന്നു. ചൂണ്ടുവിരല്‍ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഈ ചൂണ്ടുവിരലില്‍ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിക്കുന്നതും അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. യഥാര്‍ത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനു പിന്നിലുണ്ട്.
എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി നിരന്തരം പഠിക്കാന്‍ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയുമാണ്. ഒരു തുടക്കക്കാരന്റെ ഹൃദയത്തോടെ ചുറ്റുമുള്ള എന്തില്‍ നിന്നും പഠിക്കാന്‍ ഉത്സുകനായിരിക്കുക എല്ലാറ്റിനെയും ബഹുമാനിക്കുക, എല്ലാവരോടും വിനയത്തോടെ വണങ്ങുക എന്ന ആശയവും ഈ ആചാരങ്ങള്‍ നല്‍കുന്നുണ്ട്.






