കോവിഡ് ഭീതി ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കൊവിഡ് രോഗികൾ പാലിച്ചിരുന്ന നിർബന്ധിത ഐസൊലേഷൻ ഇനി ആവശ്യമില്ലെന്ന് ഓസ്‌ട്രേലിയ തീരുമാനിച്ചു. പോസിറ്റീവ് ആവുന്നവർ പാലിക്കേണ്ട അഞ്ച് ദിവസത്ത ക്വാറന്റൈൻ ഇനി നിർബന്ധമില്ല. രാജ്യത്തെ അവസാനത്തെ കോവിഡ് നിയന്ത്രണങ്ങളിലൊന്നാണ് മന്ത്രിസഭ നീക്കിയിരിക്കുന്നത്. ഇളവുകൾ ഒക്‌ടോബർ 14ന് നിലവിൽവരും.
ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും സർക്കാർ ഇടപെടൽ കുറയ്ക്കുന്നതിന്റേയും ഭാഗമായാണ് കൊവിഡ് കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു. എന്നാൽ ബൂസ്റ്റർ ഷൂട്ടുകൾ ഉൾപ്പെടെയുള്ള വാക്സിനേഷൻ യജ്ഞം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോസിറ്റീവ് ആയാൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ പാലിക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്. വയോജന പരിചരണം, വികലാംഗ പരിചരണം, ആദിവാസി ആരോഗ്യ പരിപാലനം, ആശുപത്രി പരിചരണം എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് നൽകുന്ന സാമ്പത്തിക സഹായം തുടരും.
2020-ന്റെ തുടക്കത്തിൽ വൈറസ് പിടിമുറുക്കിയപ്പോഴാണ് ഓസ്‌ട്രേലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗൺ ആയിരുന്നു അന്ന് മെൽബണിൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ആറ് തവണ രാജ്യം അടച്ചുപൂട്ടി. മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് 10 ദശലക്ഷത്തിലധികം കേസുകളും 15,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.