ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ എത്തിയ സന്ദർശകരെ കാണാൻ തയ്യാറായില്ല. അടൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് ഇന്ന് എംഎൽഎയെ കാണാൻ മാവേലിക്കര ജയിലിൽ എത്തിയത്.
അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുകളും രാവിലെ രാഹുലിനെ കാണാൻ ജയിലിൽ എത്തിയെങ്കിലും തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ നിന്ന് കേസ് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.




