ഭുബനേശ്വര്‍: ഐ എസ് എൽ പന്ത്രണ്ടാം സീസൺ അനിശ്ചിതത്വത്തിലായതോടെ കടുത്ത നടപടിയുമായി ഒഡിഷ എഫ് സി. എല്ലാ താരങ്ങളുടേയും പരിശീലക സംഘത്തിന്‍റെയും നിലവിലെ കരാർ ചൊവ്വാഴ്ചയോടെ റദ്ദാക്കും. കരാര്‍ റദ്ദാക്കുന്ന കാര്യം ഒഡിഷ മാനേജ്മെന്‍റ് താരങ്ങളേയും പരിശീലകരേയും വെള്ളിയാഴ്ച രേഖാമൂലം അറിയിച്ചു. ഈ മാസം അഞ്ചാം തീയതി മുതലാണ് കരാര്‍ റദ്ദാവുക. ലീഗ് പ്രതിസന്ധിയിലായതോടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ പുതുക്കാന്‍ പ്രമുഖ സ്പോണ്‍സര്‍മാരാരും തയാറാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് കളിക്കാരുമായുള്ള കരാര്‍ റദ്ദാക്കാൻ നിര്‍ബന്ധിതരായതെന്നും ഒഡിഷ എഫ് സി വ്യക്തമാക്കി. കഴിഞ്ഞ ഐഎസ്എല്ലില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായ ഒഡിഷ എഫ് സി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാർ പുതുക്കാത്തതിനാൽ ഐ എസ് എൽ പന്ത്രണ്ടാം സീസൺ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ്എസ്‌ഡിഎല്‍) അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഇതോടെ ക്ലബുകളുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലായി. ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി വരുന്നതുവരെ എ ഐ എഫ് എഫിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഇതോടെയാണ് എഫ് എസ് ഡി എല്ലുമായുള്ള ഫെഡറേഷന്‍റെ സംപ്രേഷണ അവകാശ കരാർ വൈകുന്നത്. നിലവിലെ കരാർ ഡിസംബർ എട്ടിനാണ് അവസാനിക്കുക.
ഈ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി ടീമുകൾ സംയുക്തമായി എ ഐ എഫ് എഫ് പ്രസിഡന്‍റ് കല്യാൺ ചൗബേയ്ക്ക് കത്ത് നൽകിയിരുന്നു.