ലോകകപ്പ് മത്സരങ്ങൾ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുന്ന കാണികൾക്ക് കഹ്വയും ഈന്തപ്പഴവും മധുരവും നൽകി സൽകരിക്കുകയാണ് അൽ തുമാമ വാസികൾ. അൽ തുമാമ സ്റ്റേഡിയത്തിൽ നിന്നും കളി കഴിഞ്ഞ് മടങ്ങുന്ന കാണികൾക്ക് മധുരവും വെള്ളവും വിതരണം ചെയ്യുന്ന തദ്ദേശീയരുടെ ഈ പ്രവർത്തി ലോകമെമ്പാടും കയ്യടി നേടുകയാണ്. ലോകകപ്പ് ഫുട്ബാൾ മേളക്ക് കിക്കോഫ് വിസിൽ മൂഴങ്ങിയിട്ട് നാലാഴ്ച പിന്നിടുമ്പോൾ ആതിഥ്യം കൊണ്ട് ലോകത്തിന്റെ ഹൃദയം കവരുകയാണ് ഖത്തർ.
വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷൻ തുടങ്ങിയ പലയിടങ്ങളിലും പുഞ്ചിരിയും മധുരവുമായി വിദേശകാണികളെ അറബ് നാടിന്റെ മണ്ണിലേക്ക് സ്വീകരിക്കുന്ന ഖത്തറിൻെറ സുന്ദരമായ കാഴ്ചകളിൽ ഒന്നാണിത്. ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയമാണ് അൽ തുമാമ. അതേസമയം ജനവാസ മേഖലയ്ക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഏക സ്റ്റേഡിയം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മൈതാനത്തിന്.
ദോഹയിലെ പ്രധാനപ്പെട്ട താമസ കേന്ദ്രം കൂടിയാണ് ഇവിടം. കളി കഴിഞ്ഞ് മെട്രോയിലേക്കും വാഹന പാർക്കിങ് മേഖലകളിലേക്കും നടന്നെത്തുന്നവർക്ക് കഹ്വയും വെള്ളവും ഈന്തപ്പഴവും മിഠായികളുമാണ് നാട്ടുകാർ വിതരണം ചെയ്യുന്നത്. കുറഞ്ഞ വർഷങ്ങൾകൊണ്ട് വലിയൊരു നഗരമായി വികസിച്ച തുമാമയിൽ സ്വദേശികളും പ്രവാസികളുമായ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കൂടാതെ കളി കാണാനെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ സോൺ 46 ലെ സ്റ്റേഡിയത്തിനടുത്തേക്കുള്ള പല റോഡുകളിലും വാഹന ഗതാഗതവും നിർത്തലാക്കിയിട്ടുണ്ട്.
മെട്രോയിലെ റെഡ് ലൈനിൽ ഫ്രീസോൺ സ്റ്റേഷനിൽ ഇറങ്ങി ഷട്ടിൽ ബസിൽ വേണം കാണികൾക്ക് സ്റ്റേഡിയത്തിലെത്താൻ. ഷട്ടിൽ ബസിൻെറ ഡ്രോപ്പ് ഓഫ് ഏരിയയിൽ നിന്നും അൽപം നടന്നാലേ സ്റ്റേഡിയത്തിലെത്താനാവുകയുള്ളു. കളികഴിഞ്ഞ് ബസ്, ടാക്സി ഏരിയയിലേക്കുള്ള നടത്തത്തിൽ മുഷിപ്പ് വരാതിരിക്കാൻ എപ്പോഴും ജാഗ്രത പുലർത്തുകയാണ് ഇവിടത്തെ താമസക്കാർ. ഇതുവരെ നേരിൽ കാണുകയോ ഇനി കണ്ട് മുട്ടുകയോ ചെയ്യാത്ത വിവിധ ദേശക്കാരും ഭാഷക്കാരുമായ ആളുകൾക്ക് ചെറിയ മധുരം നൽകി ഹൃദയം കവരുകയാണിവിടത്തെ താമസക്കാർ. സ്റ്റേഡിയത്തിലെത്തുന്നവർ തങ്ങളുടെ വീട്ടിലെ അതിഥികളാണെന്നും അവരെ സന്തോഷത്തോടെ തിരിച്ചയക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ഇവരുടെ പക്ഷം.





