ആയൂർ: വിദേശത്ത് നിന്നും അഞ്ച് ദിവസം മുൻപ് എത്തിയ പ്രവാസി വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മരണപ്പെട്ട പ്രവാസിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. രണ്ട് വയസ്സുള്ള മകളേയും ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്.
കൊല്ലം ആയൂർ സ്വദേശി സനുവാണ് (32) വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്. തിരുവല്ല സ്വദേശിയായ യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച സനു ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സനുവും ഭാര്യ അശ്വതിയും തമ്മിൽ വലിയ തർക്കങ്ങളുണ്ടായി. ബന്ധുക്കളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നുവെങ്കിലും കാമുകനൊപ്പം പോകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഭാര്യ. ഇതിൻ്റെ മനോവിഷമത്തിൽ തിങ്കളാഴ്ച മനു സ്വന്തം വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
സനുവിൻ്റെ മൃതദേഹം അഞ്ചൽ മിഷൻ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഭാര്യ ഓഫീസിലെ സഹപ്രവർത്തകനൊപ്പം ഒളിച്ചോടിയത്. രണ്ട് വയസ്സുള്ള മകളെ സ്വന്തം വീട്ടിൽ വച്ചാണ് യുവതി പോയത്. ആത്മഹത്യയ്ക്ക് മുൻപ് സനു ഭാര്യയുമായും ഭാര്യയുടെ കാമുകനുമായും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് സനുവിൻ്റെ ബന്ധുക്കൾ പറയുന്നു. ആത്മഹത്യ പ്രേരണയ്ക്ക് യുവതിക്കും കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. ചടയമംഗലം പൊലീസ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. 25 പവനോളം സ്വർണ്ണവും 60000 രൂപയുമായാണ് അശ്വതി പോയത് എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.





