സംസ്ഥാന സർക്കാരിന്റെ വാട്ടർ മെട്രോയിൽ ആശങ്ക വേണ്ടെന്നും കൂടുതൽ ആളുകളെ കയറ്റില്ലെന്നും വാട്ടർ മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ. മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തിലാണ് വാട്ടർ മെട്രോയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഒരു കാരണവശാലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ മെട്രോയിൽ കയറ്റില്ലായെന്നും അദ്ദേഹം പറഞ്ഞു.
“വാട്ടർ മെട്രോയിലെ ബോട്ടുകളുടെ ഡിസൈൻ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ആധാരമാക്കിയിട്ടുള്ളതാണ്. രാജ്യാന്തര നിലവാരത്തിലുള്ള മികച്ച ബോട്ടുകൾ തന്നെയാണ് വാട്ടർ മെട്രോയ്ക്ക് ഉപയോഗിക്കുന്നത്.യാത്രക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ട്.അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. 100 പേർക്കാണ് ഒരു ബോട്ടിൽ യാത്ര ചെയ്യാനാവുക, യാത്രക്കാരുടെ എണ്ണം 101 ആയാൽ പോകാനാകില്ല. അത്കൊണ്ട് കൂടുതൽ ആളുകൾ കയറുമോയെന്ന ആശങ്ക വേണ്ട”-ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു മലപ്പുറം താനൂരിൽ ബോട്ട് തലകീഴായി മറിഞ്ഞ് 22 പേർ മരണമടഞ്ഞത്. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും സുരക്ഷിതമല്ലാത്ത ബോട്ടുമായിരുന്നു അപകടകാരണം