ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ ഭാവി നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും ചർച്ചകൾ തുടരുന്നതിനിടെ കടുത്ത പരാമർശങ്ങളുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയാണ് അമേരിക്ക ഉന്നയിച്ചത്.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര പാതയാണെന്നും അവിടെ ടോൾ ഈടാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അതിനായി ശ്രമിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവുമെന്നും അമേരിക്ക വ്യക്തമാക്കുന്നു.
ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ചേർന്ന് ഹോർമുസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ പിരിക്കാൻ ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തിൽ ഒമാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മറ്റുള്ളവരെപ്പോലെ ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന തരത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക തർക്കങ്ങളിൽ കാലങ്ങളായി ഒരു സമാധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന രാജ്യമാണ് ഒമാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒമാൻ ഇരുപക്ഷത്തിനും ഇടയിൽ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലാണ്.


