ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ കേന്ദ്ര വിദേശകാര്യ സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി വഴി കത്ത് നൽകിയത്.
യുക്രൈന് സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സിൽ (ഐസിഡബ്ല്യുഎ) നടത്തിയ പ്രസംഗത്തിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് എമിൻ ധപറോവ മീനാക്ഷി ലേഖിയെ കണ്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ യുക്രൈൻ ഉന്നത ഉദ്യോഗസ്ഥയാണ് ധപറോവ. യോഗത്തെ “ഫലപ്രദം” എന്നാണ് ധപറോവ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്.
https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FM_Lekhi%2Fstatus%2F1645725274624114688&widget=Tweet
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കിയെന്നാണ് റിപ്പോർട്ട്. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം യുക്രൈയ്ൻ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്നാണ് ലോക ബാങ്ക് റിപ്പോർട്ട്. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.