തിരുവനന്തപുരം: പിണറായി സർക്കാർ നടപ്പാക്കിയ എസ്.എച്ച്.ഒ സംവിധാനം പൊളിച്ച് യുഡിഎഫ് സർക്കാർ. എസ്.എച്ച്.ഒ സംവിധാനം സംസ്ഥാനത്തെ 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം മതിയെന്നാണ് വിദഗ്ദ്ധസമിതി റിപ്പോർട്ട്. മറ്റു സ്റ്റേഷനുകൾ സർക്കിൾ പദവിയിലേക്ക് മാറ്റാനാണ് ശുപാർശ. 212 പൊലീസ് സർക്കിളുകൾ ഇതിനായി രൂപീകരിക്കും. സർക്കിളുകളിൽ രണ്ട് മുതൽ മൂന്ന് വരെ സ്റ്റേഷനുകളുണ്ടാവും എന്നാണ് കരുതുന്നത്.
ഓരോ സ്റ്റേഷനിലേയും ക്രമസമാധാന അന്തരീക്ഷം, കേസുകളുടെ എണ്ണം എന്നിവയെല്ലാം പരിശോധിച്ചാവും സർക്കിൾ, എസ്.എച്ച്.ഒ സംവിധാനം നടപ്പിലാക്കുക. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കും.
പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനംനടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്.


