യുഎഇയുടെ മോഹങ്ങൾ ബഹിരാകാശത്തോളം ഉയർന്നുവെന്നും അവയ്ക്ക് അതിരുകളില്ലെന്നും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അറബ് ലോകത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിജയകരമായി വിക്ഷേപണം നടത്തുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ യു എ ഇ യ്ക്ക് അത് മറ്റൊരു നാഴികക്കല്ലാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. അതേസമയം യുഎഇയുടെ ബഹിരാകാശ ദൗത്യത്തിൽ ഒന്നു മാത്രമാണു റാഷിദ് റോവർ. ചൊവ്വയിൽ തുടങ്ങി ചന്ദ്രനിലേക്കും വിക്ഷേപണങ്ങൾ നടത്തുക എന്നതിന് പുറമെ 2028ൽ ശുക്രനിൽ എത്തുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവ ചരിത്രത്തിൽ ശാസ്ത്രീയ കാൽപാട് ചേർക്കുക, കഴിവുകൾ വികസിപ്പിക്കുക, അറിവ് കൈമാറുക എന്നതാണു രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രനിൽ അറബ് പാദമുദ്ര പതിപ്പിക്കാൻ റാഷിദ് റോവറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സ്റ്റോപ്പ് 3,84,400 കി.മീ അകലെയാണെന്നും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എം ബി ആർ സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിന്റെ തൽസമയ സംപ്രേഷണം നടന്നത്. ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനും പുറമെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ നിരവധി പ്രമുഖരും വിക്ഷേപണം കാണാൻ എത്തിയിരുന്നു.