മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനുമുള്ള പുതിയ പഠനവുമായി യു എ ഇ. യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെൻ്റ് സയൻസ് ഇതിനായി ഗവേഷകരെ ക്ഷണിച്ചിരിക്കുകയാണ്. മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടെങ്കിൽ 38 കോടി രൂപയാണ് യു എ ഇ നൽകുക.
മൂന്ന് വർഷമാണ് ഗവേഷണം നടത്താനുള്ള കാലാവധി. ഈ ഗവേഷണ പരിപാടിയിൽ ഓരോ വർഷവും 12.39 കോടി രൂപ വീതം ഗ്രാൻ്റ് ലഭിക്കും. ഏറ്റവും മികച്ച നിർദേശമായിരിക്കും ഗവേഷണത്തിനായി തിരഞ്ഞെടുക്കുക. ഭൂഗർഭ ജലത്തിൻ്റെ ദൗർലഭ്യം നേരിടാൻ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഈ ഗവേഷണത്തിൻ്റെ ലക്ഷ്യം. അതേസമയം ഗൾഫ് മേഖലയിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണ് മഴ വർധന പദ്ധതിയെപ്പറ്റി ആലോചിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് ഒൻപത് വരെ ഗവേഷണ പദ്ധതികൾ രജിസ്റ്റർ ചെയ്യാനുള്ള സമയമുണ്ട്. മാർച്ച് 16ന് പ്രീ പ്രപ്പോസൽ സമർപ്പിക്കണം. മേയ് 26നുള്ളിൽ പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 24 ന് മുൻപ് പൂർണമായ പദ്ധതി രേഖ ബന്ധപ്പെട്ടവർക്ക് മുൻപിൽ സമർപ്പിക്കണം. കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പദ്ധതി തിരഞ്ഞെടുക്കുകയുള്ളൂ. വിജയികളെ അടുത്ത ജനുവരിയിലായിരിക്കും പ്രഖ്യാപിക്കുക.