അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലൂടെ നിർദിഷ്ട വേഗതയിൽ താഴെ വാഹനമോടിച്ചാൽ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ഏപ്രിൽ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആയിരിക്കും. റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനിമം വേഗത നടപ്പാക്കുന്നതെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി പറഞ്ഞു.
നിയമലംഘകർക്ക് മെയ് 1 മുതൽ 400 ദിർഹം പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രധാന ഹൈവേയിൽ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കുമെന്നും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിൽ 120 കിലോമീറ്റർ വേഗത ബാധകമാണെന്നും അബുദാബി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങൾക്ക് കടന്നുപോകാം.
ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വരും. നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ നിയുക്ത പാതകളിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും. തുടർന്ന് മെയ് ഒന്നിന് 400 ദിർഹം പിഴ ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.