കോർപ്പറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലാത്ത ബിസിനസുകൾ ഏതൊക്കെയെന്ന് വിശദീകരിച്ച് യുഎഇയുടെ സാമ്പത്തിക മന്ത്രാലയം (എംഒഎഫ്). കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വ്യവസ്ഥകൾ പാലിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ, എക്‌സ്‌ട്രാക്റ്റീവ് ബിസിനസ്സുകൾ, കോർപ്പറേറ്റ് ടാക്സ് ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലാത്ത പ്രകൃതിവിഭവങ്ങൾ എന്നിവയാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
യുഎഇയിൽ നിന്നുള്ള വരുമാനം മാത്രം നേടുകയും യുഎഇയിൽ സ്ഥിരമായ സ്ഥാപനം ഇല്ലാതിരിക്കുകയും ചെയ്താൽ ഒരു പ്രവാസിയും കോർപ്പറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും എംഒഎഫ് വ്യക്തമാക്കുന്നു. ഡിക്രി-നിയമത്തിന്റെ ആർട്ടിക്കിളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇളവ് വ്യവസ്ഥകൾ പാലിക്കുന്നത് കാരണം, ഈ സ്ഥാപനങ്ങൾ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് ടാക്‌സിന് കീഴിലുള്ള ചെറുകിട, സൂക്ഷ്മ ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ എന്നിവർക്ക് MOF ന്റെ ഈ പ്രഖ്യാപനം വലിയ ആശ്വാമാണ്. 375,000 ദിർഹത്തിൽ കൂടുതലുള്ള കമ്പനികളുടെ ലാഭത്തിന് ഒമ്പത് ശതമാനം നികുതി ചുമത്തുമെന്ന് യുഎഇ സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. പുതിയ സ്റ്റാർട്ടപ്പുകൾക്കും മറ്റ് ചെറുകിട ബിസിനസുകാർക്കും ഈ തീരുമാനം കൊണ്ട് പ്രയോജനം ലഭിക്കും.