യുഎഇയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, വരുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്ക്-കിഴക്ക് ഭാഗങ്ങളിൽ പെയ്യുന്ന മഴ താപനിലയിൽ ഗണ്യമായ കുറവിന് കാരണമായേക്കുമെന്നാണ് പ്രതീക്ഷ. 50 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രദേശത്തെ ചൂട് രേഖപ്പെടുത്തിയിരുന്നത്.
തിങ്കളാഴ്ച മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇന്ന് അൽഐനിൽ നേരിയ മഴ ലഭിച്ചതായി എൻ.സി.എം അറിയിച്ചു. ജനങ്ങൾ ജാഗ്രത പുർത്തണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. അതേസമയം മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് രാജ്യത്തെ അണക്കെട്ടുകളിലെ അധികവെള്ളം തുറന്നുവിട്ടു.





