ചെന്നൈ: കരൂർ ദുരന്തബാധിതരേയും മരണപ്പെട്ടവരുടെ ബന്ധുക്കളേയും നേരിൽ കണ്ട് ടിവികെ അധ്യക്ഷൻ വിജയ് വിജയ്. ചെന്നൈ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചാണ് വിജയ് കരൂർ ദുരന്തബാധിതരെ കണ്ടത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറര വരെ വിജയ് കരൂരിൽ നിന്നെത്തിയവർക്കൊപ്പം സമയം ചിലവിട്ടുവെന്നാണ് വിവരം.
കണ്ടപ്പോൾ തന്നെ എനിക്ക് മാപ്പു തരണം എന്നാണ് വിജയ് പറഞ്ഞത്. കൈ കൂപ്പിയും കാലിൽ വീണുമാണ് അദ്ദേഹം സംസാരിച്ചത്. മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ കാലിൽ വീണു വിജയ് മാപ്പു ചോദിച്ചു. ബോഡിഗാർഡുകളോ വേറെ സഹായികളോ ക്യാമറയൊന്നും വിജയുമായി സംസാരിക്കുമ്പോൾ ഇല്ലായിരുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചു. എന്നെ കുടുംബത്തിലെ ഒരാളായി കാണണമെന്നും കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും തുറന്നു പറയണമെന്നും പറ്റുന്ന എല്ലാ സഹായവും ചെയ്തു തരാമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയിൽ യാതൊരു നിയന്ത്രണവുമില്ലായിരുന്നു. ഞങ്ങളെ ആരും തടയുകയോ സംസാരം അവസാനിപ്പിക്കാൻ പറയുകയോ ചെയ്തില്ല. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു ഞങ്ങൾ തന്നെ അദ്ദേഹത്തോട് യാത്ര പറഞ്ഞു മുറിവിട്ട് ഇറങ്ങുകയായിരുന്നു – വിജയുമായി കൂടിക്കാഴ്ച നടത്തിയ കുടുംബത്തിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
കരൂരിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് വിജയ് കൂടിക്കാഴ്ചയിൽ ബന്ധുക്കളോട് പറഞ്ഞതായാണ് റിപ്പോർട്ട്. നേരത്തെ ദുരന്തബാധിതരുമായി വിജയ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. കരൂരിൽ നേരിട്ടെത്തി വീടുകളിലേക്ക് വരാൻ സാധിക്കാതിരുന്നതിൽ വിജയ് എല്ലാവരോടും മാപ്പ് പറഞ്ഞു. കരൂരിലേക്ക് വരുന്ന പക്ഷം മൂന്ന് മണിക്കൂറിൽ കൂടുതൽ അവിടെ തങ്ങാൻ പാടില്ലെന്ന് പൊലീസ് നിബന്ധന വച്ചതിനാലാണ് യാത്രയിൽ നിന്നും പിന്മാറിയതെന്നും എല്ലാവരുമായി വിശദമായി സംസാരിക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കിയതെന്നും വിജയ് വിശദീകരിച്ചു.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6:30 വരെ വിജയ് കരൂർ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. 37 കുടുംബങ്ങളാണ് വിജയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഇവർക്കായി ടിവികെ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഇവിടെ വച്ച് കൈമാറിയെന്നാണ് വിവരം. താമസിക്കുന്ന മുറികളിൽ നേരിട്ടെത്തിയാണ് ഓരോ കുടുംബത്തെയും വിജയ് കണ്ടത്. ദുരിതബാധിതരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് വിജയ് ഉറപ്പുനൽകി.





