ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കടന്നു. സിറിയയിൽ 3575 പേരായിരുന്നു മരിച്ചത്. ഭൂകമ്പം മൂലം തുർക്കിയയിൽ 10 ലക്ഷം പേർക്ക് വീട് നഷ്ടമായിരുന്നു. 80,000 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നു.
കഴിഞ്ഞ ആഴ്ചയാണ് തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. 7.5 തീവ്രതയുള്ള തുടര്‍ചലനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റവരുടെ എണ്ണം 80,768 ആണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
2011 ല്‍ ജപ്പാനിലെ ഫുകുഷിമയിലുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ഈ ഭൂകമ്പത്തില്‍ മരണപ്പെട്ടിട്ടുണ്ട്. 22000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതേസമയം തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.