ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരിയിലുള്ള ഒരു ട്രോഫിയാണ് ഇപ്പോൾ താരം. സ്റ്റാർ ചിയംവിളി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് നടത്താൻ പോകുന്ന വടംവലി മത്സരത്തിന് വിജയികൾക്ക് ലഭിക്കാൻ പോകുന്നത് 11 അടി നീളമുള്ള ഈ ഒന്നൊന്നര ട്രോഫിയാണിത് .
ക്ലബ്ബിന്റെ 25 ആം വാർഷികവും 11 ആമത് അഖിലകേരള വടംവലി മത്സരത്തിന്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇവിടുത്തെ വടം വലിക്ക് ഒരു പ്രത്യേകതയുമുണ്ട്. വടക്ക് – തെക്കൻ മേഖലകളിൽ നിന്നും വ്യത്യസ്തമായി ഏഴ് കുഴികുത്തി അതിൽ ഇരുന്നുകൊണ്ടാണ് വടം വലിക്കുന്നത്. രണ്ടാം സമ്മാനമായി ആറടി നീളമുള്ള ട്രോഫിയും മൂന്നാം സമ്മാനമായി മൂന്നടി നീളവുമുള്ള ട്രോഫിയുമാണ് നൽകുന്നത്. കൂടാതെ ക്യാഷ്പ്രൈസുകളുമുണ്ട്.
ട്രോഫിക്ക് 1 ലക്ഷത്തോളം രൂപ ചിലവായെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്. ഏകദേശം രണ്ട് മാസത്തോളം പരിശീലിച്ചാണ് ഒരൊ ടീമും വടം വലി മത്സരത്തിന് തയ്യാറെടുക്കുന്നത്.
” വടം വലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തിൽ ലഭിക്കുന്നില്ല . ഓണാഘോഷങ്ങൾക്ക് വേണ്ടിയുള്ള മത്സരം മാത്രമായി ചുരുങ്ങുന്നുണ്ട്. വടം വലിയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ” ക്ലബ് ഭാരവാഹികൾ പറഞ്ഞു.
സെപ്റ്റംബർ നാലിനാണ് മത്സരം. മത്സരത്തിലൂടെ ലഭിക്കുന്ന തുക ക്യാൻസർ പേഷ്യന്റുകൾക്കും അശരണരായവർക്കും നൽകും.