നടന്‍ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. നടികര്‍ തിലകം എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. അക്വേറിയം പൊട്ടിവീണാണ് ടൊവിനോയുടെ കാലിന് പരിക്കേറ്റത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പരിക്ക് പറ്റിയ ഉടന്‍ തന്നെ താരത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. മുറിവില്‍ സ്റ്റിച്ചിട്ടുണ്ട്. രണ്ടാഴ്ച വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ടൊവിനോയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം. ഗോഡ്‌സ്പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂബ് വേണുഗോപാല്‍, എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവീ മേക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമാണ്.