സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടൊവിനോ തോമസ്സ്. രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഗുസ്തി താരങ്ങൾക്ക് ലഭിക്കാതെ പോകരുതെന്നും എതിർപക്ഷത്തുള്ളത് ശക്തരാണെന്ന കാരണം കൊണ്ട് ഗുസ്തി താരങ്ങളുടെ പോരാട്ടം തഴയപ്പെടരുതെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ സമരത്തോടുള്ള സർക്കാരിൻ്റെ അവഗണനയിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ കർഷകസംഘടനകളിൽ നിന്നുണ്ടായ കനത്ത സമ്മർദ്ദത്തെ തുടർന്ന് ഗുസ്തി താരങ്ങൾ ഈ സമരത്തിൽ നിന്നും പിന്മാറി. ഈ സംഭവത്തിന് പിന്നാലെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും ഗുസ്തി താരങ്ങളുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. മലയാളി ഫുട്ബോൾ താരം സി.കെ വിനീത് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് എത്തി. നടി അപർണ ബാലമുരളി അടക്കം നിരവധി സിനിമാ താരങ്ങളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ടൊവിനോയുടെ പോസ്റ്റ്
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.
View this post on Instagram