മലപ്പുറം തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടെതാണെന്ന് പ്രതിയുടെ മൊഴി. സുജിതയെ വീട്ടില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മരണം ഉറപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അച്ഛനും കൊലപാതകത്തെക്കുറിച്ച് സൂചനയുണ്ടെന്നും വിഷ്ണു മൊഴി നല്‍കി.
അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൃതദേഹം. വീട്ടുവളപ്പിലെ മാലിന്യ കുഴിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിന് ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുക.
യുവതിയുടെ സ്വര്‍ഭാരണങ്ങള്‍ ദേഹത്തില്‍ നിന്ന് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് അത് പലയിടങ്ങളിലായി വില്‍പ്പന നടത്തി.
കഴിഞ്ഞ മാസം 11 നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മാനോജിന്റെ ഭാര്യ സുജിതയെ കാണാതായത്. സുജിത കൃഷി ഭവനില്‍ നിന്ന് ഡോക്ടറെ കാണണം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരന്‍ ആയിരുന്ന വിഷ്ണുവിനെ പൊലീസ് കസ്റ്റിഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം വീട്ടിലെ പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
സുജിതയെ കാണാതായ വിവരം സോഷ്യല്‍ മീഡിയ വഴി ആദ്യം പങ്കുവെച്ചതും വിഷ്ണുവായിരുന്നു. എന്നാല്‍ സുജിതയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയത് ഈ പ്രദേശത്ത് നിന്നായിരുന്നു. ഈ സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.