തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫുവ്ളൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് മുൻ ജീവനക്കാരികൾ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും പിന്നീട് ദിയയുടെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യല്ലിൽ മുൻ ജീവനക്കാരികളും കേസിലെ പ്രതികളുമായ വിനീത,രാധാകുമാരി എന്നിവർ പണം തട്ടിയ കാര്യം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആർ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിച്ചത്. 40 ലക്ഷത്തിൻ്റെ തട്ടിപ്പ് ഇതുവരെ കണ്ടെത്തിയതായാണ് വിവരം. തട്ടിയെടുത്ത പണം മൂന്ന് ജീവനക്കാരികളും കൂടി പങ്കിട്ട് എടുത്തുവെന്നാണ് സൂചന.
തട്ടിയെടുത്ത പണം കൊണ്ട് ജീവനക്കാരികൾ സ്വർണം വാങ്ങിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികൾ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. അതേസമയം ഇനിയും ഒളിവിൽ തുടരുന്ന പ്രതി ദിവ്യയ്ക്കായി അന്വേഷണം തുടരുകയാണ്.