കർണ്ണാടകയിൽ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തപസ്സും ഷെയ്‌ഖിനു അഭിനന്ദനവുമായി ശശി തരൂർ. ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്. 98.3 % മാർക്കോടെയാണ് തപസ്സും ഒന്നാം റാങ്ക് നേടിയത്.
കർണ്ണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് പ്രതിഷേധത്തിൽ ഉൾപ്പെട്ട പെൺകുട്ടികളിൽ തപസ്സും ഷെയിഖും ഉണ്ടായിരുന്നു. തപസ്സും ഉൾപ്പടെയുള്ള വിദ്യാർത്ഥിനികൾ ഹിജാബ് ഊരി വച്ചായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ഈ വിഷയം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ പി.യു.സി പരീക്ഷയുടെ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് തപസ്സുമിന്! ഇതോടെ തപസ്സും വീണ്ടും വാർത്തകളിൽ നിറഞ്ഞു.
“ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ട് ആഴ്ചയോളം കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനാണ് എന്നോട് മാതാപിതാക്കൾ പറഞ്ഞത്. എന്ത് ചെയ്യണമെറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരേ ശബ്ദിക്കാനാകുമെന്ന് മാതാപിതാക്കൾ പറഞ്ഞു തന്നു”- തപസ്സും മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ചയായിരുന്നു രണ്ടാം വർഷ പി യു സി പരീക്ഷ ഫലം പുറത്തു വന്നത്. 600 ൽ 593 മാർക് നേടിയ തപസ്സും മൂന്ന് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കോടെയാണ് പാസായത്.