ലോകകപ്പ് വേദിയില്‍ മലയാളികൾക്ക് അർപ്പിച്ച ‘നന്ദി’ കണ്ട് പലരും അതിശയിച്ചു, പലർക്കും അഭിമാനം തോന്നി. ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തെ ബോർഡിലുള്ളത്. ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിയൻ ഭാഷയിലെ നന്ദി വാക്കായ ഒബ്രിഗാദോയുമുണ്ട്.
പ്രമുഖ മലയാളം മാധ്യമ പ്രവർത്തകനും സ്പോർട്സ് ലേഖകനുമായ കമാല്‍ വരദൂരാണ് ചിത്രം ഫേസ്ബുക്കിലൂടെ മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്ക് ക്ഷണം. ലോകത്തിന് മുന്നിൽ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റെന്ത് വേണം. നോക്കൂ, അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരം, ‘നന്ദി’. ലോകത്തെ അസംഖ്യംഭാഷകളിലെ താങ്ക്സ് എന്ന പദത്തിനൊപ്പമാണ് മലയാളത്തിന്റെ നന്ദിയും ഇടംപിടിച്ചിരിക്കുന്നത്. ഒരു ലോകകപ്പ് വേദിയില്‍ മലയാള ഭാഷയ്ക്ക് ലഭിച്ച ആദരവാണിത്. അദ്ദേഹം കുറിച്ചു.