മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച് രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയോട് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും അവര്‍ക്ക് അത് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി പോസ്റ്റില്‍ പറയുന്നത്.
ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് തന്റെയും അഭിപ്രായമെന്നും സുരേഷ് ഗോപി മാപ്പ് പറഞ്ഞു കൊണ്ടുള്ള പോസ്റ്റില്‍ വിശദീകരിക്കുന്നു.
‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. സോറി ഷിദ…,’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനിടയില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുന്നത്. ആദ്യം കൈ വെക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞു മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടാമതും കൈ വെക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തക അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെ, സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്ര പ്രവര്‍ത്ത യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയും വ്യക്തമാക്കിയിട്ടുണ്ട്.