ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം രണ്ട് വിദ്യാര്‍ത്ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിയാര്‍പുരം കുന്നത്തുമല അനിലയെയും ഡിഗ്രി വിദ്യാര്‍ത്ഥിയായ നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയ്ക്ക് 16 വയസും സെബിന് 19 വയസുമാണ്.
കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ഇന്നലെ വൈകുന്നേരമാണ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. വൈകിയും പെണ്‍കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
നെടുങ്കണ്ടത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചലില്‍ രാത്രി 12 മണിയോടെ സെബിന്റെയും തുടര്‍ന്ന് അനിലയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.